ചെന്നൈ: തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരായ സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ്നാട് പോരാടും, തമിഴ്നാട് ജയിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഈ വിജയം സമാനരീതിയിൽ പോരാടുന്ന എല്ലാ സംസ്ഥാനങ്ങളുടെയും ജയമാണെന്ന് സ്റ്റാലിൻ പറഞ്ഞു. എല്ലാവർക്കും മാതൃകയാണെന്ന് അദേഹം പറഞ്ഞു. ഈ വിധി തമിഴ്‌നാടിന് മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും ഒരു വലിയ വിജയമാണെന്ന് സ്റ്റാലിൻ പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് തടയിട്ടായിരുന്നു സുപ്രീംകോടതി വിധി. ഗവർണർക്ക് ബില്ലുകളിൽ തീരുമാനമെടുക്കാൻ കോടതി സമയപരിധി നിശ്ചയിച്ചു. ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഇനി തീരുമാനം എടുക്കണം. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം.
ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണം. അനുച്ഛേദം 200 അനുസരിച്ച് ഗവർണറുടെ വിവേചനാധികാരം എന്നൊന്നില്ല. സംസ്ഥാന സർക്കാരിന്‍റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിലാണ് നിര്‍ണായക ഉത്തരവ്.