പത്തനംതിട്ട: പി പി ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന കളക്ടറുടെ മൊഴി തള്ളി നവീൻ ബാബുവിന്റെ കുടുംബം. കളക്ടറുടെ ശരീരഭാഷ കാണുമ്പോൾ ചില സംശയങ്ങളുണ്ട്. യാത്രയയപ്പ് ചടങ്ങിലെ ശരീരഭാഷ തന്നെ വേദനിപ്പിച്ചു. തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞെന്ന കളക്ടറുടെ മൊഴി കള്ളമാണ്. നവീൻ ബാബുവിന് കളക്ടറുമായി ഒരു ആത്മബന്ധവുമില്ലെന്നും ഭാര്യ മഞ്ജുഷ ആവർത്തിച്ചു. കളക്ടർക്കെതിരെ മുൻപും നവീന്റെ കുടുംബം പ്രതികരിച്ചിരുന്നു. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും കളക്ടർ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനം എടുത്തത് താൻ തന്നെയാണെന്നും മഞ്ജുഷ പറഞ്ഞിരുന്നു.