ആലപ്പുഴ: ആലപ്പുഴ കളര്‍ക്കോട്ട് വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. ആലപ്പുഴ മെഡിക്കല്‍ കോളജിലെ സഹപാഠികളും, അധ്യാപകരും, വന്‍ ജനാവലിയും വിട നല്‍കിയതിന് പിന്നാലെ, മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോയി. ആയുഷ് ഷാജിയുടെ മൃതദേഹം കാവാലത്തെ വീട്ടിലെത്തിച്ചു. കോട്ടയം മറ്റക്കര സ്വദേശി ദേവനന്ദന്റെ മൃതദേഹം കുടുംബ വീട്ടിലെത്തിച്ചു. ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം കൊച്ചി ടൗണ്‍ ജുമാ മസ്ജിദില്‍ കബറടക്കി.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ അഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍(19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വല്‍സന്‍(19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി(19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി. മുഹമ്മദ് ഇബ്രാഹിം(19), കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍(19) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ആറുപേരില്‍ രണ്ടുവിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്.
രാത്രിയില്‍ സിനിമയ്ക്ക് പോയ വിദ്യാര്‍ഥികളുടെ കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആലപ്പുഴ മെഡി.കോളജിലെ 11 വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. അഞ്ചുപേര്‍ മരിച്ചു. ആറുവിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. നാല് ബസ് യാത്രക്കാര്‍ക്കും പരുക്കേറ്റു. പരുക്കേറ്റ് ചികില്‍സയിലുള്ള ഗൗരീശങ്കറാണ് കാര്‍ ഓടിച്ചിരുന്നത്. രണ്ട് വിദ്യാര്‍ഥികള്‍ ബൈക്കില്‍ ഇവരുടെ പിന്നില്‍ സഞ്ചരിച്ചിരുന്നു.അപകടസമയത്ത് കാര്‍ ഓടിച്ചത് അഞ്ച് മാസം മുന്‍പ് ലൈസന്‍സ് എടുത്ത വിദ്യാര്‍ഥിയാണെന്നും പരിചയക്കുറവ് അപകടത്തിന് പ്രധാന കാരണമായെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആര്‍ .രമണന്‍ പറഞ്ഞു.വിദ്യാര്‍ഥികള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കിയത് അനധികൃതമായെന്ന് ആര്‍ടിഒ എ.കെ.ദിലു പറഞ്ഞു. റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ലാത്തയാളാണ് കാര്‍ നല്‍കിയത്. കനത്ത മഴമൂലം കാഴ്ച മങ്ങിയ അവസ്ഥയില്‍ ആയിരുന്നു ദാരുണമായ അപകടം ഉണ്ടായത്.