തൃശൂര്‍: പാലപ്പള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മൂന്ന് മണിക്കൂറിലേറെ നേരം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ദൗത്യം വിഫലമായി. ഇന്നു രാവിലെ എട്ടോടെയാണ് ഉപയോഗശൂന്യമായി കിടന്ന സെപ്റ്റിക് ടാങ്കില്‍ കാട്ടാനക്കുട്ടി വീണത്.
നാട്ടുകാര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു. കുട്ടിയാനയുടെ ശരീരത്തേക്ക് മണ്ണ് ഇടിഞ്ഞുവീണതിനാല്‍ എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ജെസിബി ഉപയോഗിച്ച് കുട്ടിയാനയുടെ കാലിലും ദേഹത്തും വീണ മണ്ണ് നീക്കി. പിന്നീട് കയര്‍ ഉപയോഗിച്ച് ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ദൗത്യം പരാജയപ്പെടുകയായിരുന്നു.
മണ്ണ് നീക്കിയതോടെ ആന കൈകാലുകള്‍ ഉയര്‍ത്തുകയും തലയുയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എഴുന്നേല്‍ക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഏറെ നേരമായി കുഴിയില്‍ അകപ്പെട്ടതിനാല്‍ ക്ഷീണിതനായിരുന്നു കുട്ടിയാന. കയര്‍ ഇട്ടുനല്‍കിയെങ്കിലും എഴുന്നേല്‍ക്കാന്‍ കഴിയാതെ കുട്ടിയാന വീണ്ടും കുഴിയില്‍ തന്നെ കിടക്കുകയായിരുന്നു. പത്തുമിനിറ്റിലേറെ ആന അനക്കമില്ലാതെ കിടക്കുന്നതുകണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി സ്ഥിരീകരിച്ചത്.
അതേസമയം, മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന ആനയെത്തി. ഇന്നലെ രാത്രി ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചതായാണ് റിപ്പോർട്ട്. ആളുകൾ ബഹളം വച്ചതോടെ തേയിലത്തോട്ടത്തിലേക്ക് മാറിയ പടയപ്പ രാവിലെ ഗൂഡാർവിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി. ഏറെ നേരം ഇവിടെ നിലയുറപ്പിച്ച ശേഷം തോട്ടത്തിലേക്ക് മടങ്ങി.