ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിക്ക് കൈമാറി. 101 നിര്‍ദേശങ്ങളാണ് കെ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ മാറ്റം വേണമെന്ന് സമിതി നിര്‍ദേശിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഇതനുസരിച്ച് പുതിയ തസ്തികകള്‍ സൃഷ്ടിച്ച് പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
യുജിസി-സിയുഇടി പരീക്ഷകള്‍ ലളിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും പരീക്ഷാ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുമായി എസ്സി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ജെഇഇ പരീക്ഷകള്‍ സിബിടി മോഡലില്‍ സംഘടിപ്പിക്കും. ആരോഗ്യവകുപ്പിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച് നീറ്റ് പരീക്ഷകള്‍ നടത്തുംമെന്ന് മന്ത്രി വ്യക്തമാക്കി.
നീറ്റ് പരീക്ഷ പേനയും പേപ്പറും ഉപയോഗിച്ചുള്ളത് നടത്തണോ, കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലേക്ക് (സിബിടി) മാറണോ എന്നതില്‍ മന്ത്രാലയം ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു. അന്വേഷണ ഏജന്‍സികളായും വിദ്യാര്‍ത്ഥികളുമായും മറ്റ് ഉദ്യോഗസ്ഥരുമായും മുപ്പതോളം സിറ്റിംഗ് കമ്മിറ്റി നടത്തിയിരുന്നു. പരീക്ഷാ മേഖലയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വെല്ലുവിളിയാണ്. കെ രാധാകൃഷ്ണന്‍ സമിതി ഒക്ടോബര്‍ 21ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
അടുത്ത അധ്യയന വര്‍ഷത്തില്‍ 15 കോടി പുസ്തകങ്ങള്‍ എന്‍സിഇആര്‍ടി പ്രസിദ്ധീകരിക്കും. എആര്‍പി നിരക്കില്‍ പുസ്തകങ്ങള്‍ വില്‍ക്കാന്‍ ആമസോണുമായും ഫ്‌ലിപ്കാര്‍ട്ടുമായും ധാരണപത്രം ഒപ്പുവച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. അടുത്ത അദ്ധ്യാന വര്‍ഷം മുതല്‍ എന്‍ടിഎ ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകളില്‍ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കുവെന്ന് കേന്ദ്രമമന്ത്രി പറഞ്ഞു. പരാതി പരിഹാര സെല്ല് രൂപീകരിക്കാനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. പരീക്ഷകള്‍ കമ്പ്യൂട്ടര്‍ അഡാപ്റ്റീവ് ടെസ്റ്റിലേക്കും സാങ്കേതികവിദ്യാധിഷ്ഠിത പ്രവേശന പരീക്ഷകളിലേക്കും മാറാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 2025 ല്‍ എന്‍ടിഎ ഉടച്ചുവാര്‍ക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.