തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്‍ ആരാധനാ മൂര്‍ത്തിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ ഉണ്ടാകാം. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ. സനാതന ധര്‍മ്മം അനുസരിച്ച് ഏതിലും എന്തിലും ദൈവമുണ്ട്. തത്വമസി- അത് നീ തന്നെയാണെന്നാണ് വേദം പറയുന്നത്. നിര്‍വചിക്കുന്നതിനേക്കാളും അതീതമാണ് ഗുരുദേവന്‍. സപ്തസാഗരത്തേക്കാള്‍ വിശാലവും അഗാധവുമാണ് ഗുരുദേവ ദര്‍ശനമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ശിവഗിരി തീര്‍ത്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെയാണ് പ്രസ്താവന. മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ബിജെപി നേതാവ് വി മുരളീധരനും വിമര്‍ശിച്ചു. സനാതന ധര്‍മ്മത്തിന്റെ ശത്രുവാണെന്ന കമ്യൂണിസ്റ്റ് പ്രചാരവേല നടത്താനുള്ള വേദിയായി ശിവഗിരിയെ ഉപയോഗിക്കുകയാണ് ചെയ്തതെന്ന് വി മുരളീധരന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള നിരന്തര ശ്രമത്തിനാണ് പിണറായി വിജയന്‍ മുതിര്‍ന്നത്.
ശ്രീനാരായണ ഗുരുവിനെ സനാതന ധര്‍മ്മത്തിന്റെ വക്താവും പ്രയോക്താവുമായി സ്ഥാപിക്കാന്‍ സംഘടിത ശ്രമം നടക്കുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ശ്രീനാരായണഗുരുവിനെ സനാതന ധര്‍മ്മത്തിന്റെ പ്രയോക്താവായി മാറ്റാന്‍ നടക്കുന്ന ശ്രമങ്ങളെ കരുതിരിക്കണം. വര്‍ണാശ്രമ ധര്‍മ്മത്തിലൂന്നിയ സനാതന ധര്‍മ്മത്തെ പൊളിച്ച് എഴുതാനാണ് ഗുരു ശ്രമിച്ചതെന്ന് മറന്നുപോകരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.