പത്തനംതിട്ട: അയ്യപ്പനെ കാണാന്‍ പരമ്പരാഗത കാനനപാത വഴി വരുന്ന ഭക്തര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പാസ് നിര്‍ത്തുലാക്കി. തിരക്ക് വര്‍ദ്ധിച്ചതാണ് പാസ് നിര്‍ത്തലാക്കാന്‍ കാരണം.
വര്‍ദ്ധിച്ചു വരുന്ന തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദേവസ്വം ബോര്‍ഡ് അംഗം എ അജികുമാര്‍ വ്യക്തമാക്കി.
പമ്പ വഴി വെര്‍ച്വല്‍ ക്യൂ ആയും സ്‌പോട്ട് ബുക്കിംഗ് ആയും വരുന്ന അയ്യപ്പഭക്തര്‍ ദര്‍ശനം കിട്ടാതെ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്ന സാഹചര്യം വരുന്നുണ്ട്. ഇത് കണക്കിലെടുത്താണ് പ്രത്യേക പാസ് നല്‍കുന്നത് നിര്‍ത്തലാക്കിയിരിക്കുന്നത് എന്നാണ് ദിവസം ബോര്‍ഡ് വ്യക്തമാക്കുന്നത്.
എന്നാല്‍ നടപടി താല്‍ക്കാലികം ആണെന്നും ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എ അജികുമാര്‍ അറിയിച്ചു. പാസ് നല്‍കിയതിന് ശേഷം കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണം അഞ്ച് ഇരട്ടിയായി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാസ് നല്‍കേണ്ട എന്നാണ് ബോര്‍ഡിന്റെ തീരുമാനം.
നേരത്തെ കാനന പാത വഴി വരുന്ന 5000 പേര്‍ക്ക് പ്രത്യേക പാസ് നല്‍കാനായിരുന്നു ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ദ്ധിച്ചു.
എരുമേലി മുതല്‍ പമ്പ വരെ 30 കിലോമീറ്റര്‍ കാനനപാതയിലൂടെ വരുന്നവര്‍ക്കായിരുന്നു പാസ് നല്‍കിയിരുന്നത്. മുക്കുഴിയില്‍ നിന്ന് ലഭിക്കുന്ന എന്‍ട്രി പാസുമായി അയ്യപ്പഭക്തര്‍ പുതുശ്ശേരി താവളത്തില്‍ എത്തണമായിരുന്നു. ഇവിടെ നിന്ന് സീല്‍ വാങ്ങി വലിയാനവട്ടം താവളത്തില്‍ എത്തി എക്സിറ്റ് സീല്‍ വാങ്ങുകയാണ് ചെയ്തിരുന്നത്. അവിടെ നിന്ന് മരക്കൂട്ടത്ത് എത്തുന്ന ഭക്തര്‍ക്ക് ക്യൂ നില്‍ക്കാതെ ദര്‍ശനം നല്‍ക്കുന്നതിന് വേണ്ടിയാണ് പാസ് നല്‍കിയിരുന്നത്.