കൊച്ചി: കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സര്‍വീസായ ‘മെട്രോ കണക്ട്’ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. കൊച്ചിയെ പരിസ്ഥിതി സൗഹൃദ നഗരമാക്കുന്നതിനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമായി ആരംഭിക്കുന്നതാണ് ഇലക്ട്രിക് ബസ് സര്‍വ്വീസ് ഇന്ന് നിരത്തിലിറക്കുന്നത്. വ്യവസായ മന്ത്രി പി. രാജീവ് ആണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
ആലുവ- കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളജ്, ഹൈക്കോര്‍ട്ട്- എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെ.പി. വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്ര പാര്‍ക്ക്-കളക്ട്രേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുക.
ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര നിരക്ക്.
33 സീറ്റുകളാണ് ഒരു ബസിലുള്ളത്. ഡിജിറ്റല്‍ പേയ്മെന്റ് വഴിയാണ് പ്രധാനമായും ടിക്കറ്റ് എടുക്കാന്‍ സാധിക്കുക. പണം നല്‍കിയും ടിക്കറ്റ് എടക്കാനാകും. യുപിഐ വഴിയും രൂപേ ഡെബിറ്റ് കാര്‍ഡ്, കൊച്ചി-1 കാര്‍ഡ് എന്നിവ വഴിയും പണമടച്ച് ടിക്കറ്റ് എടുക്കാനാകും.
എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റ് ഇടവിട്ടും സര്‍വീസുകള്‍ ഉണ്ടാകും. രാവിലെ 6.45 മുതല്‍ സര്‍വീസ് ആരംഭിക്കും. രാത്രി 11നാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വീസ്.
കളമശേരി-മെഡിക്കല്‍ കോളജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാകും. രാവിലെ 8.30 മുതല്‍ വൈകിട്ട 7.30 വരെയാണ് സര്‍വീസ്. കാക്കനാട് വാട്ടര്‍ മെട്രോ -കിന്‍ഫ്രാ -ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ഏഴ് വരെ 25 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാകും.