പച്ചക്കറിയുടെ വേസ്റ്റ്, മുട്ട തോട്, കഞ്ഞിവെള്ളം ഇതെല്ലാം വെറുതെ കളയാതെ എന്തെങ്കിലും ഉപകാരത്തിന് എടുക്കുക എന്നതാണ് സാധാരണ വീട്ടമ്മമാരുടെ പതിവ്. പ്രത്യേകിച്ച് ഇവയെല്ലാം ചെടികള്‍ക്ക് നല്ല വളമായി ഇടാനാണ് വീട്ടമ്മമാര്‍ ശ്രദ്ധിക്കാറ്.
ചെടി നല്ല രീതിയില്‍ തഴച്ച് വളരാന്‍ സഹായിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം. ഇപ്പോഴിതാ അതിനേക്കാള്‍ മികച്ച ഗുണം തരുന്ന ഒന്നിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
മീന്‍ കഴുകിയ വെള്ളം വെറുതെ കളയാറാണോ പതിവ്? ഇനി ആ പതിവില് നിന്നും വ്യത്യസ്തമായി അല്‍പം ഉപകാരമുള്ള കാര്യം ചെയ്യാം. മുട്ടത്തോടും കഞ്ഞിവെള്ളവും പോലെ മീന്‍ കഴുകിയ വെള്ളവും ചെടികളില്‍ ഒഴിക്കുന്നത് അവയുടെ വളര്‍ച്ചയെ വളരെയധികം സഹായിക്കുന്നു.
മീനിന്റെ തലയിലും മറ്റ് അവശിഷ്ടങ്ങളിലും ചെടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ നിരവധി പോഷക ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. മീനിന്റെ അവശിഷ്ടങ്ങള്‍ ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ നല്ല ആഴത്തില്‍ കുഴിച്ചിട്ട ശേഷം അതിന് മുകളില്‍ പച്ചക്കറി തൈകളോ പൂച്ചെടികളോ നടുന്നതാണ് നല്ലത്. ഇത് ചെടി വേഗം വളരുന്നതിന് സഹായിക്കുന്നു. നട്ട ചെടികളില്‍ ഇടയ്ക്ക് മീന്‍ കഴുകിയ വെള്ളം ഒഴിച്ച് കൊടുക്കുക. വേര് പൊട്ടാതെ ചെടിയുടെ ചുവട്ടില്‍ കുഴികുഴിച്ചിട്ട് വേണം വെള്ളം ഒഴിക്കാന്‍. ഇത് ചെടിക്ക് ഗുണം ചെയ്യുന്നു.
മീന്‍ കഴുകിയ വെള്ളത്തില്‍ അല്പം ശര്‍ക്കര ചേര്‍ത്ത് ഒരു ദിവസം മാറ്റിവയ്ക്കുക. അടുത്തദിവസം ഇതിലേക്ക് ഇരട്ടി വെള്ളം ചേര്‍ത്ത് പച്ചക്കറി തൈകളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് ചെടിയിലെ മഞ്ഞളിപ്പ്, തൈ മുരടിപ്പ്, കായ് ഫലം ഇല്ലാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.