മുക്കം: സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ട് പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊടിയത്തൂര്‍ കാരാട്ട് മുജീബിന്റെ മകള്‍ ഫാത്തിമ ജിബിന്‍(18) ആണ് മരിച്ചത്. ഉമ്മ നെജിനാബിക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ആണ് അപകടമുണ്ടായത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെ മുക്കം ഹൈസ്‌കൂള്‍ റോഡിലായിരുന്നു അപകടം.
അമ്മ നെജിനാബിയായിരുന്നു സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. കുറ്റിപ്പാലയില്‍ നിന്ന് അഗസ്ത്യന്‍മുഴിയിലേക്ക് വരുകയായിരുന്നു ഇരുവരും. ഇതിനിടെ മാതാവ് നെജിനാബി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇറക്കത്തില്‍ നിയന്ത്രണം വിടുകയും വൈദ്യുത തൂണിലിടിച്ച് താഴ്ചയിലേക്ക് മറിയുകയും ആയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുക്കം അഗ്നിരക്ഷാ സേനയെത്തി ഇരുവരെയും മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫാത്തിമ ജിബിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ചേന്ദമംഗലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ. ഇവരുടെ വാഹനത്തിന്റെ തൊട്ടു മുന്നിലായി ഫാത്തിമയുടെ പിതാവ് മറ്റൊരു ബൈക്കിലുണ്ടായിരുന്നു. ഫാത്തിമ ജിബിന്റെ സഹോദരങ്ങള്‍ ഫാത്തിമ റെന, റാസി ഇരുവരും ജി.എം.യു.പി. സ്‌കൂള്‍ കൊടിയത്തൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. കുട്ടിയുടെ അമ്മയും ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. അമ്മയ്ക്ക് വലിയ പരിക്കുകള്‍ ഇല്ല.