തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ തനിക്കെതിരായ ആരോപണങ്ങൾ തെറ്റെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. അനന്തു കൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. ഈ സമയം വരെ തൻ്റെ പേര് മൊഴിയിൽ ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്. ഒരു അടിസ്ഥാനവും ഇല്ലാതെയാണ് തനിക്കെതിരെയുള്ള വാർത്തയെന്നും മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞു.
പാതിവില തട്ടിപ്പ് കേസിൽ രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു. എറണാകുളം ജില്ലയിലെ ഒരു എംഎൽ ഏഴ് ലക്ഷം രൂപ, ഇടുക്കി എം പി ഡീൻ കുര്യാക്കോസിന് 45 ലക്ഷം രൂപ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന് 25 ലക്ഷം രൂപ, കോട്ടയം എം പി ഫ്രാൻസിസ് ജോർജിന് 10 ലക്ഷം രൂപ എന്നിങ്ങനെ കൈമാറിയെന്നാണ് അനന്തു കൃഷ്ണൻ പൊലീസിന് മൊഴി നൽകിയത്.
അതേസമയം പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കി. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകളാണ് ആദ്യഘട്ടമായി ക്രൈംബ്രാഞ്ചിന് കൈമാറിയത്. സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്.