ചോറ് ബാക്കി വന്നു, ‘എന്തിന് പേടിക്കണം ഫ്രിഡ്ജില്‍ വയ്ക്കാം’. കറികള്‍ ബാക്കി വന്നു, ‘എന്തിന് പേടിക്കണം ഫ്രിഡ്ജില്‍ വയ്ക്കാം’. മാസല പാക്കറ്റുകള്‍ ‘എല്ലാം ഫ്രിഡ്ജില്‍ തന്നെ വയ്ക്കാം’. പിന്നെ കണ്ണില്‍ കണ്ടതും കൈയ്യില്‍ കിട്ടിയതും മീനും ഇറച്ചിയും എല്ലാം കൊണ്ട് ഫ്രിഡ്ജ് വയ്ക്കാം. ഇങ്ങനെയായിരിക്കും എപ്പോഴും എല്ലാ വീടുകളിലെയും ഫ്രിഡ്ജിന്റെ അവസ്ഥ.
ഇത്രയും സാധനങ്ങള്‍ ഫ്രിഡ്ജില്‍ വച്ചാല്‍ പോലും ഇനിയും സ്ഥലമുണ്ടോ എന്ന് ചിന്തിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ അറിഞ്ഞിരുന്നോളൂ നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഫ്രിഡ്ജ് നിങ്ങള്‍ക്ക് പണി തരും. അമിതമായി ഫ്രിഡ്ജില്‍ ആഹാര സാധനങ്ങള്‍ വെച്ചാല്‍ അത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
റഫ്രിജറേറ്റര്‍ 40 ഡിഗ്രി ഫാരന്‍ഹീറ്റിനും ഫ്രീസര്‍ 0 ഡിഗ്രി ഫാരന്‍ഹീറ്റിനും താഴെയായിരിക്കണം സെറ്റ് ചെയ്ത് വെക്കേണ്ടത്. 40 മുതല്‍ 140 ഡിഗ്രി ഫാരന്‍ഹീറ്റിനും ഇടയിലാണ് ബാക്ടീരിയകള്‍ പെരുകാന്‍ സാധ്യതയുള്ളത്. അമിതമായ ഭക്ഷണ സാധനങ്ങള്‍ വൃത്തിയില്ലാതെ സൂക്ഷിച്ചാല്‍ അണുക്കള്‍ ഉണ്ടാകാനും അത് മൂലം ഭക്ഷണങ്ങള്‍ കേടുവരാനും അവസരമുണ്ടാക്കും. ഈ കേടായ ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ശ്രദ്ധിക്കാം ഫ്രിഡ്ജില്‍ ഭക്ഷണ സാധനങ്ങള്‍ വെക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം.
ഫ്രഡ്ജില്‍ എന്തൊക്കെ എങ്ങനെ വയ്ക്കണം എന്ന് നോക്കാം
പാകപ്പെടുത്തിയ ഭക്ഷണങ്ങള്‍ കൃത്യമായി അടച്ചുവേണം ഫ്രിഡ്ജില്‍ വെക്കാന്‍. ഫ്രിഡ്ജില്‍ വെച്ച് ഒന്നിലധികം തവണ ഉപയോഗിക്കരുത്. ഭക്ഷണം കേടുവരാന്‍ സാധ്യതയുള്ളത് കൊണ്ട് ശ്രദ്ധിച്ച് വേണം ഉപയോഗിക്കാന്‍. പെട്ടെന്ന് എടുക്കേണ്ട സാധനങ്ങള്‍ ഫ്രിഡ്ജിലും പിന്നീട് ഉപയോഗിക്കാന്‍ എടുക്കുന്ന സാധനങ്ങള്‍ ഫ്രീസറിലും വെക്കണം.
പച്ചക്കറികളും പഴങ്ങളും മുട്ടയുമൊക്കെ നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷമെ ഫ്രിഡ്ജില്‍ വെക്കാന്‍ പാടുള്ളു. കഴുകാതെ വെക്കുമ്പോള്‍ ഇതിലുണ്ടായിരിക്കുന്ന അണുക്കള്‍ കൂടെ ഫ്രിഡ്ജില്‍ എത്തും. ഇത് മറ്റ് സാധനങ്ങളും ചീത്തയാകാന്‍ കാരണമാകും.
മാംസം മത്സ്യം എന്നിവ കഴുകി വൃത്തിയാക്കി വേണം ഫ്രിഡ്ജില്‍ വെക്കാന്‍. പെട്ടെന്ന് എടുക്കേണ്ടത് പ്രത്യേകം പാത്രങ്ങളിലാക്കി വെക്കാം. ഒരുമിച്ചു വെക്കുകയാണെങ്കില്‍, ഇത് ഓരോ തവണ എടുക്കുമ്പോഴും ബാക്കിയുള്ളത് കേടുവരാന്‍ സാധ്യതയുണ്ട്.
പഴവര്‍ഗ്ഗങ്ങള്‍ മുറിച്ചതിന് ശേഷം ബാക്കി വരുന്നത് ഫ്രിഡ്ജില്‍ വെക്കുമ്പോള്‍ ശ്രദ്ധിക്കണം. മുറിച്ച കഷ്ണങ്ങള്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി കെട്ടിയാല്‍ ഇവ കേടുവരാതെ ഇരിക്കും. ഇനി തൊലി കളഞ്ഞ കഷ്ണങ്ങള്‍ ആണെങ്കില്‍ അവ ഒരു പാത്രത്തിലിട്ട് വെക്കാവുന്നതാണ്.