ഉപയോക്താക്കള്‍ക്ക് പുതുമ പകരുന്ന ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ മിടുക്കരാണ് ഇന്‍സ്റ്റഗ്രാം. അത് ന്യൂജെനറേഷന്റെ പള്‍സ് അറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിന് പുതിയ തലമുറയ്ക്കിടയില്‍ ഇത്രയും ഖ്യാതി ലഭിച്ചത്. ഇപ്പോഴിതാ അത്തരത്തില്‍ പുത്തന്‍ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കുന്നത്.
കമന്റുകള്‍ ‘ഡിസ് ലൈക്ക്’ ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കുന്നത്. പുതിയ ഫിച്ചര്‍ കമ്പനി ഇതുവരെ പുറത്തിറക്കിയട്ടില്ല. എന്നാല്‍, കമന്റ് വിഭാഗത്തിലെ ലൈക്ക് ഹാര്‍ട്ടിന് അടുത്തായി താഴേക്കുള്ള ആരോ അടയാളം കാണുന്നതായി നിരവധി ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലെ ഡൗണ്‍വോട്ട് ബട്ടണിന് സമാനമായാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക എന്നാണ് പ്രാഥമിക നിഗമനം.
നിരവധി അഭിപ്രായങ്ങളാണ് പുതിയ ഫീച്ചറിനെ കുറിച്ച് വരുന്നത്. യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെയായിരുന്നു ഇത്രയും കാലം ആളുകള്‍ കമന്റ്‌ബോക്‌സ് ഉപയോഗിച്ചിരുന്നത്. ആളുകളെ അധിക്ഷേപിക്കാനും ചീത്ത വിളിക്കാനുമെല്ലാം പലരും കമന്റ് ബോക്‌സ് ദുരുപയോഗം ചെയ്യുന്നത് പതിവായിരുന്നു. ഇതിന് വലിയൊരു മറുപടി ആയാണ് ഈ ഫീച്ചര്‍. ഇതിന് ഒരു പരിഹാരമായിരിക്കും പുതിയ അപ്‌ഡേഷന്‍.