അബുദാബി: കാലാവസ്ഥാ വ്യതിയാനമൂലം സംഭവിക്കുന്ന മാറ്റങ്ങളെ ക്കുറിച്ച് മുന്നറിയിപ്പുമായി യുഎഇ. ഫെബ്രുവരി 22 മുതൽ 26 വരെ തെക്ക് പടിഞ്ഞാറ് നിന്ന് ഒരു ന്യൂനമർദ്ദം വ്യാപിക്കുകയും തുടർന്ന് പടിഞ്ഞാറ് നിന്ന് ഒരു ഉയർന്ന മർദ്ദം വ്യാപിക്കുകയും ചെയ്യുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്.
ഇതുമൂലം വാരാന്ത്യത്തിൽ താപനിലയിൽ വർദ്ധനവ് പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ തിങ്കൾ മുതൽ ബുധനാഴ്ച വരെ, തീരങ്ങളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും അറിയിപ്പുണ്ട്. തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച വരെ ചില തീരദേശ, വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെചില സമയങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യത ഉള്ളതായി പറയുന്നു. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും ശനി, ഞായർ ദിവസങ്ങളിൽ നേരിയതോ ഇടത്തരമോ ആയ തിരമാലകൾ ഉണ്ടാകും. തിങ്കളാഴ്ച മുതൽ കടൽ ക്രമേണ പ്രക്ഷുബ്ധമാകും. അറേബ്യൻ ഗൾഫിൽ ചില സമയങ്ങളിൽ കടൽ വളരെ പ്രക്ഷുബ്ധമാകാൻ ഇടയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.