പാലക്കാട്: പാലക്കാട് തൃത്താലയില്‍ ബസും കാറും കൂട്ടിയിടിച്ചിട്ടുണ്ടായ അപകടത്തില്‍ ഒരുവയസുള്ള കുട്ടി മരിച്ചു. കാറില്‍ ഉണ്ടായിരുന്ന പട്ടാമ്പി സ്വദേശി ഐസിന്‍ ആണ് മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്നവരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയായിരുന്നു അപകടം.
പട്ടാമ്പി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. കാറില്‍ ഉണ്ടായിരുന്ന മറ്റ് 8 പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കാറോടിച്ചിരുന്നയാള്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തെറ്റായ ദിശയില്‍ നിന്ന് എത്തിയ കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അതേസമയം കൊല്ലം കൊട്ടാരക്കരയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു. കൊട്ടിയം മയ്യനാട് സ്വദേശി കാർലോസ് ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. പുനലൂരിൽ വിവാഹ സൽക്കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങി വരിയായിരുന്നു കാർലോസും ബന്ധുവായ ജാനീസ് ജോൺസണും. കൊട്ടാരക്കര വിജയ ആശുപത്രിക്ക് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചു കയറി. പരിക്കേറ്റവരെ സമീപത്തുണ്ടായിരുന്നവരാണ് ആശുപത്രിയിൽ എത്തിച്ചത്. ബന്ധു ചികിത്സയിൽ തുടരുകയാണ്.