എടത്വാ: തകഴിയിൽ അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏക മകളുടെ പരീക്ഷയെ കുറിച്ചുള്ള ആശങ്ക മാനസിക സമ്മർദ്ദമായി മാറിയതിനെ തുടർന്നാണ് അമ്മയും മകളും ജീവനൊടുക്കിയതെന്ന് സൂചന. തകഴി പഞ്ചായത്ത് ഏഴാം വാർഡിൽ കേളമംഗലം വിജയനിവാസിൽ പരേതരായ ഗോപാലകൃഷ്ണ പിള്ളയുടെയും വിജയലക്ഷ്മിയുടെയും മകൾ പ്രിയ (46), മകൾ കൃഷ്ണപ്രിയ (15) എന്നിവരാണ് ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് തകഴി ആശുപത്രി ലെവൽ ക്രോസിന് സമീപത്താണ് സംഭവം. അമ്പലപ്പുഴയിലെ സ്വകാര്യ ഇംഗ്ലീഷ് മിഡിയം സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായ മകൾ കൃഷ്ണപ്രിയ പഠനത്തിൽ മികവ് പുലർത്തിയിരുന്നെങ്കിലും കഴിഞ്ഞ പരീക്ഷയിൽ ഏതാനും ചോദ്യങ്ങൾക്ക് ഉത്തരം തെറ്റിച്ചെന്ന കാരണത്താൽ മാതാവ് പ്രിയ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലാർക്കായി ജോലിചെയ്തു വന്നിരുന്ന പ്രിയ മകളുടെ പഠനവുമായി ബന്ധപ്പെട്ട് ലീവെടുത്ത് വീട്ടിലിരിക്കുകയായിരുന്നു.
കുടുംബപ്രശ്നങ്ങൾക്കൊപ്പം മകൾക്ക് പഠന നിലവാരം കുറവാണെന്ന ആശങ്കയിൽ മാനസികസമ്മർദ്ദം താങ്ങാനാവാതെ പ്രിയ ദിവസങ്ങൾക്കു മുൻപ് കൗൺസിലിങ്ങിൽ പങ്കെടുത്തിരുന്നു. ഇന്നലെ പരീക്ഷ ഇല്ലാത്തതിനാൽ മകളെ ഒപ്പം കൂട്ടി പ്രിയ ജോലി ചെയ്യുന്ന വീയപുരം പഞ്ചായത്തിലെത്തി. ഒരുമണി വരെ പഞ്ചായത്ത് ഓഫീസിൽ കഴിച്ചുകൂട്ടിയ ശേഷമാണ് തകഴിയിൽ എത്തി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. മകളുമായി പഞ്ചായത്തിലെത്തിയ പ്രിയ കടുത്ത മാനസികസമ്മർദ്ദം പ്രകടിപ്പിച്ചിരുന്നതായി ജീവനക്കാർ പറയുന്നു.