ബ്രസീലിയ: ബ്രസീലില്‍ ചെറു വിമാനം തകര്‍ന്ന് 10 പേര്‍ മരിച്ചു. തെക്കന്‍ ബ്രസീലിയന്‍ നഗരമായ ഗ്രമാഡോയിലാണ് അപകടമുണ്ടായത്. അപകട സ്ഥലത്തുണ്ടായിരുന്ന 17 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബ്രസീലില്‍ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട മലയോര നഗരമാണ് ഗ്രമാഡോ. ക്രിസ്മസ് സീസണ്‍ ആയതിനാല്‍ ഇവിടെ വിനോദ സഞ്ചാരികളുടെ തിരക്കും ഉണ്ടായിരുന്നു.
വിമാനത്തിലുണ്ടായിരുന്നതും വിനോദസഞ്ചാരികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം അധികൃതര്‍ പറഞ്ഞു. വിമാനം ആദ്യം നഗരത്തിലെ ഒരു കെട്ടിടത്തിന്റെ ചിമ്മിനിയും പിന്നീട് കെട്ടിടത്തിന്റെ രണ്ടാം നിലയിലും ഇടിച്ചു കയറിയതായി ഏജന്‍സി വ്യക്തമാക്കുന്നു.
ഒരു ഫര്‍ണിച്ചര്‍ കടയിലേയ്ക്ക് ഇടിച്ചു കയറിയതോടെ വിമാനത്തിന് തീ പിടിക്കുകയായിരുന്നു. പൊള്ളലേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. കനത്ത പുകയില്‍ ശ്വാസതടസം അനുഭവപ്പെട്ടുമാണ് ആളുകള്‍ക്ക് പരിക്കേറ്റത്. അപകടത്തില്‍ ബ്രസീലിയന്‍ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി.
അതേസമയം, കേരളത്തില്‍ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയര്‍ കേരള സര്‍വ്വീസ് ആരംഭിക്കുന്നു. ഏപ്രിലില്‍ സര്‍വ്വീസ് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്. ആഭ്യന്തര സര്‍വീസ് തുടങ്ങുന്നതിനുള്ള എന്‍ഒസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചു. എയര്‍ ഓപറേഷന്‍ സര്‍ട്ടിഫിക്കറ്റു കൂടി ലഭിച്ചാല്‍ സര്‍വീസ് തുടങ്ങും എന്നാണ് പുറത്ത് വരുന്ന വിവരം. ഇത് ഉടന്‍ ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.