കുട്ടികള്‍ക്ക് സ്‌കൂളില്‍ കൊണ്ടു പോകാന്‍ അടിപൊളി ഒരു വിഭവം ഉണ്ടാക്കിയാലോ? നല്ല ടേസ്റ്റില്‍ ഒരു പൊട്ടറ്റോ ഫ്രൈ. ചോറിനൊപ്പവും സ്‌നാക്കായും എല്ലാം കഴിക്കാന്‍ സാധിക്കുന്ന രുചികരമായ പൊട്ടറ്റോ ഫ്രൈ റെസിപ്പി ഇതാ.
ആവശ്യമുള്ള ചേരുവകള്‍:
ഉരുളക്കിഴങ്ങ്
കടുക്
ജീരകം
വെളുത്തുള്ളി – ഒരു പിടി
മുളകുപൊടി – ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – കാല്‍ ടീസ്പൂണ്‍
നല്ല ജീരകം – കാല്‍ ടീസ്പൂണ്‍
ഗരം മസാല
കറിവേപ്പില – ഒരു പിടി
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഈയൊരു രീതിയില്‍ പൊട്ടറ്റോ ഫ്രൈ തയ്യാറാക്കാനായി ആദ്യം തന്നെ തോലെല്ലാം കളഞ്ഞ് ഉരുളക്കിഴങ്ങ് വൃത്തിയാക്കി എടുക്കുക. ശേഷം അത് നീളത്തില്‍ അത്യാവശ്യം കട്ടിയുള്ള പരിവത്തില്‍ മുറിച്ചെടുത്ത് വെള്ളത്തില്‍ ഇട്ടു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഉരുളക്കിഴങ്ങില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പൊടിമയം പൂര്‍ണമായും പോയി കിട്ടുന്നതാണ്. ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോള്‍ അതിലേക്ക് രണ്ട് ടീസ്പൂണ്‍ അളവില്‍ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോള്‍ കടുകും, ജീരകവും ഇട്ട് പൊട്ടിച്ചെടുക്കുക. പിന്നീട് ഒരു പിടി അളവില്‍ വെളുത്തുള്ളി കൂടി ചേര്‍ത്തു കൊടുക്കാവുന്നതാണ്. ശേഷം കഴുകി വൃത്തിയാക്കി മുറിച്ചുവെച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ അതിലേക്ക് ഇട്ട് നല്ലതുപോലെ മിക്‌സ് ചെയ്യുക. ഉരുളക്കിഴങ്ങിലേക്ക് ഉപ്പ് പിടിക്കണമെങ്കില്‍ ഈയൊരു സമയത്ത് ചേര്‍ത്തു കൊടുക്കണം.
അതിനുശേഷം കുറച്ചു നേരം പാത്രം അടച്ചു വെച്ച് ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുക. കിഴങ്ങ് നല്ലതു പോലെ വെന്തു തുടങ്ങുമ്പോഴാണ് പൊടികള്‍ ചേര്‍ത്തു കൊടുക്കേണ്ടത്. ഒരു ടീസ്പൂണ്‍ അളവില്‍ മുളകുപൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി, കാല്‍ ടീസ്പൂണ്‍ നല്ല ജീരകം പൊടിച്ചത്, ഗരം മസാല എന്നിവയാണ് മസാല കൂട്ടായി ചേര്‍ത്തു കൊടുക്കേണ്ടത്. എല്ലാ പൊടികളും ഉരുളക്കിഴങ്ങിലേക്ക് നല്ലതുപോലെ പിടിച്ചു കിട്ടാനായി കുറച്ചുനേരം കൂടി അടച്ചുവെച്ച് വേവിക്കുക. അവസാനമായി ഒരു പിടി അളവില്‍ കറിവേപ്പില കൂടി ഈയൊരു കൂട്ടിലേക്ക് ചേര്‍ത്ത് ചട്ടി അടുപ്പത്ത് നിന്നും വാങ്ങി വയ്ക്കാവുന്നതാണ്. ഇപ്പോള്‍ നല്ല രുചികരമായ പൊട്ടാറ്റൊ ഫ്രൈ റെഡി.