ശബരിമല: പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള നിര്‍ദ്ദിഷ്ട റോപ്വേയ്ക്ക് വേണ്ടിയുള്ള സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചു. റോപ്‌വേയ്ക്ക് വേണ്ടിയുള്ള പ്രാഥമിക സ്ഥലപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചത്.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, സ്റ്റേറ്റ് വൈല്‍ഡ് ലൈഫ് ബോര്‍ഡ് എന്നിവര്‍ക്ക് കൈമാറിയിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ നിര്‍മ്മാണം ആരംഭിക്കാനാണ് പദ്ധതി.
വനംവകുപ്പിന്റെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലൂടെയും റാന്നി ഫോറസ്റ്റ് ഡിവിഷനിലൂടെയുമാണ് റോപ് വേ കടന്നുപോകുന്നത്. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം കൊല്ലം ശെന്തുരുണി വൈല്‍ഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറ സെറ്റില്‍മെന്റിലെ 4.5336 ഹെക്ടര്‍ റവന്യു ഭൂമി വനംവകുപ്പിന് കൈമാറിയിരുന്നു.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനും ആംബുലന്‍സ് സര്‍വീസിനുമാണ് റോപ് വേ. രോഗികള്‍ക്കും പ്രായമായവര്‍ക്കും ഡോളിയില്‍ സഞ്ചരിക്കുന്നവര്‍ക്കും റോപ്വേ അനുവദിക്കും. പമ്പ ഹില്‍ടോപ്പില്‍ ആരംഭിച്ച് അഞ്ച് സ്റ്റീല്‍ ടവറുകളിലൂടെ മാളികപ്പുറം പൊലീസ് ബാരക്കിന് പിന്നിലെത്തും.
ഒരേസമയം 60 ക്യാബിനുകള്‍ കേബിളിലൂടെ നീങ്ങും. ഒരു ക്യാബിനില്‍ 500 കിലോവരെ കയറ്റാം. ഒരേസമയം 20,000 ടണ്‍ സാധനങ്ങള്‍ സന്നിധാനത്തെത്തിക്കാം. സാധനങ്ങള്‍ സൂക്ഷിക്കാന്‍ പമ്പ ത്രിവേണി ഹില്‍ടോപ്പിലും മാളികപ്പുറത്തും ഓട്ടോമേറ്റഡ് വെയര്‍ഹൗസുകള്‍ നിര്‍മ്മിക്കും.